കുഞ്ഞി
എഞ്ചിനീയറിംഗ് മെറിറ്റ് സീറ്റിൽ തന്നെ അഡ്മിഷൻ വാങ്ങണം എന്ന് എന്റെ വാശിയായിരുന്നു. അച്ഛന്റെ കയ്യിൽ ഒരുപാട് പൈസ ഒന്നും ഇല്ല . കടം വാങ്ങി ആണെങ്കിലും എന്നെ പഠിപ്പിക്കുമെന്ന് അറിയാം. പക്ഷെ അതിനു ഞാൻ സമ്മതിക്കില്ല. ആ വാശി ചെന്നെത്തിച്ചത് പാലക്കാട് ശ്രീകൃഷ്ണപുരം ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ ആണ്. കോഴിക്കോട് നിന്ന് പാലക്കാട് പോയി പഠിക്കാൻ തീരെ ആഗ്രഹം ഇല്ലായിരുന്നു. ടോപ് ഫോമിലെ എന്റെ പ്രിയപ്പെട്ട ചിക്കൻ ദം ബിരിയാണി ആവും ഞാൻ ഏറ്റവും കൂടുതൽ മിസ് ചെയ്യാൻ പോവുന്നത്. പുലർച്ചെ 5 മണിക്ക് അച്ഛന്റെ കൂടെ ട്രെയിൻ കയറി. ജനറൽ കംപാർട്മെന്റ്. എന്റെ രാജ്യത്തു കഴിഞ്ഞ കുറച്ചു വർഷങ്ങൾ ആയി നടക്കുന്ന വലിയ ഡെവലപ്മെന്റുകളുടെ കഥകൾ എല്ലാം മറുനാടൻ മലയാളി യൂട്യൂബ് ചാനലിൽ ദിനംപ്രതി കാണുന്ന എന്നെ, ട്രയിനിലെ ജനറൽ കംപാർട്മെന്റിന്റെ ദൃശ്യങ്ങൾ തീർത്തും അലോസരപ്പെടുത്തികൊണ്ടിരുന്നു. ഇവിടുള്ള ജനത ഇങ്ങനെ ആണ് ഇപ്പഴും യാത്ര ചെയ്യുന്നതെന്ന് വിദേശികൾ അറിഞ്ഞാൽ ഉണ്ടാവുന്ന ജാള്യത ആയിരുന്നു മനസ്സ് മുഴുവൻ. ജിഡിപിയിൽ ഇന്ത്യ യുകെയെ മറികടന്ന് അഞ്ചാം സ്ഥാനത്തു എത്തിയെന്ന് അറിഞ്ഞപ്പോൾ പൊങ്ങിയ എന്റെ രോമകണങ്ങൾ എല്ലാം തല ത...