വെളിച്ചത്തിനു പുറകെ ഓടിയവർ
കുട്ടിക്കാലം മുതൽ നമ്മൾ കേട്ടുവളർന്നത് ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേയ്ക്കു സഞ്ചരിക്കാൻ ആണ്. ഇവിടെ ഇരുട്ട് എന്നാൽ അറിവില്ലായ്മ, മോശം എന്നീ അർത്ഥങ്ങൾ ആണ് സൂചിപ്പിക്കുന്നത് എങ്കിൽ, വെളിച്ചം അറിവ്, ജ്ഞാനം തുടങ്ങി നല്ലതിനെ സൂചിപ്പിക്കുന്നു. എന്നാൽ വെളിച്ചത്തിനു പുറകെ ഓടിയവർ എല്ലാം ജീവിതത്തിൽ വിജയിച്ചിട്ടുണ്ടോ?
പ്രകൃതി നമുക്ക് തരുന്ന സന്ദേശം അങ്ങനെ അല്ല! ഒരുപാട് കാലങ്ങൾക്കു ശേഷം ലഭിക്കുന്ന ഒരു മഴ. വരണ്ട മണ്ണിൽ മഴവെള്ളം പറ്റുമ്പോൾ ഉണ്ടാവുന്ന ആ ഗന്ധം. അതൊരു വല്ലാത്ത അനുഭൂതി തന്നെ ആണല്ലേ.
എന്നാൽ ആ ഗന്ധത്തിനുള്ളിലൂടെ മണ്ണിനടിയിൽ നിന്നും പറന്നുയരുന്ന മഴപ്പാറ്റകളെ കണ്ടിട്ടില്ലേ. അവർ കാലങ്ങൾ ആയി ഭൂമിക്ക് അടിയിലെ ഇരുട്ടിൽ ജീവിക്കുന്നവർ ആയിരിക്കാം. മഴവെള്ളം മണ്ണിലേക്ക് ആഴ്ന്നിറങ്ങുന്നതോടെ അവയ്ക്കു നിൽക്കക്കള്ളിയില്ലാതായിത്തീരുന്നു. പല സുഷിരങ്ങിലൂടെ അവർ പുറത്തേക്കു പറന്നുയരുന്നു.
അതുവരെ ഇരുട്ടിൽ ജീവിച്ചിരുന്നവർക്ക് വെളിച്ചം ഒരു അത്ഭുതം ആയതുകൊണ്ടാവാം, പിന്നീടങ്ങോട്ട് അവർ വെളിച്ചം തേടി ഓടാൻ തുടങ്ങുന്നത്.
നമ്മുടെ വീട്ടിൽ കത്തിച്ചു വെച്ചിരിക്കുന്ന ഇലക്ട്രിക്ക് ലൈറ്റുകൾ, റോഡിലെ സ്ട്രീറ്റ് ലൈറ്റുകൾ, ക്ഷേത്രങ്ങളിൽ തെളിഞ്ഞു കാണുന്ന എണ്ണ വിളക്കുകൾ, എന്ന് വേണ്ട വെളിച്ചം പടർത്തുന്ന എല്ലാത്തിലേക്കുമായി അവർ പറന്നു അടുക്കുന്നതു കാണാം.
എന്നാൽ വെളിച്ചത്തിനായുള്ള ഈ വ്യഗ്രത എത്ര നേരത്തേക്ക് ആണ്? മിനുട്ടുകളോ, മണിക്കൂറുകളോ മാത്രം. അതിനപ്പുറം ചിറകുകൾ അറ്റ് നിലത്തുകൂടെ ഇഴഞ്ഞു നീങ്ങാൻ വിധിക്കപ്പെട്ടവർ ആണവർ.ചിറകുകൾ ഇല്ലാത്ത ആ ശരീരങ്ങൾ പിന്നീടെപ്പോഴോ ഇഹലോകം വെടിയുന്നു.
ഇരുട്ട് ആയിരുന്നു അവരുടെ ലോകം. അവിടെ അവർ സന്തുഷ്ടർ ആയിരുന്നു. എപ്പോൾ അവർ വെളിച്ചം തേടി ഓടിയോ, അപ്പോൾ മുതൽ അവരുടെ സമയം എണ്ണപ്പെട്ടു കഴിഞ്ഞിരുന്നു.
പണ്ട് കാലങ്ങളിൽ രാത്രി പവർ കട്ട് ഒരു നിത്യ സംഭവം ആയിരുന്നു നമ്മുടെ നാട്ടിൽ. മഴ ലഭിക്കാത്തതു മൂലം ഡാമിൽ വെള്ളം ഇല്ലാത്തതു കൊണ്ടോ, മറ്റു സംസ്ഥാങ്ങളിൽ നിന്ന് വൈദ്യുതി വാങ്ങാൻ പണം ഇല്ലാത്തതു കൊണ്ടോ, ഭരിക്കുന്നവരുടെ പരാജയം കൊണ്ടോ എന്താണെങ്കിലും ഈ പതിവ് തുടർന്ന് കൊണ്ടേയിരുന്നു കുറെ കാലം.
പവർ കട്ട് സമയങ്ങളിൽ ഒരു മെഴുകു തിരിയോ മണ്ണെണ്ണ വിളക്കോ കത്തിച്ചു സ്കൂളിലെ നോട്ട് പുസ്തകവും ആയിപഠിക്കാൻ ഇരിക്കുന്ന എന്നെ എനിക്ക് മറക്കാൻ പറ്റില്ല. കത്തുന്ന തീയ്ക്ക് മുകളിലൂടെ വിരൽ ഓടിക്കുന്നത് ഒരു സാഹസിക പ്രവർത്തിയായിരുന്ന കാലം.
അന്ന് ഇതേ പോലെ വെളിച്ചം തേടി വരുന്ന ഒരുപാട് കൂട്ടുകാർ ഉണ്ടായിരുന്നു. ചെറിയ പ്രാണികൾ, വണ്ടുകൾ തുടങ്ങി തെങ്ങു തുരപ്പൻ വണ്ടുകൾ വരെ അക്കൂട്ടത്തിൽപ്പെടും.
ഇലക്ട്രിക്ക് ലൈറ്റുകൾ പോലെയല്ല ഈ വെളിച്ചം എന്ന് അവർക്ക് അറിയില്ലലോ. തീക്കു മുകളിലൂടെ വിരൽ ഓടിക്കുന്ന എന്റെ സാഹസിക പ്രവർത്തി കണ്ടിട്ടാവും, അവരും തീക്കു മുകളിലൂടെ പറക്കാൻ ശ്രമിച്ചിരുന്നു.
കത്തിക്കരിഞ്ഞതും, പൊള്ളലേറ്റതുമായ ശരീരങ്ങൾ മേശയിൽ ചിതറി കിടക്കുന്നത് വേദനയോടെ നോക്കി നിൽക്കാനേ നിഷ്‌ക്കളങ്കനായ എനിക്ക് സാധിച്ചിരുന്നുള്ളു. ചില സന്ദർഭങ്ങളിൽ മെഴുകുതിരിയിലെ ചൂടുള്ള മെഴുകിൽ അകപ്പെട്ടുപോയ പാവം വണ്ടിൻ കുട്ടികളെ രക്ഷിച്ചു മാതൃക ആയതും ഞാൻ ഓർക്കുന്നു. മറ്റുചില ദിവസങ്ങളിൽ എന്നിലെ നിഷ്ക്കളങ്കൻ ഉഗ്രരൂപിണീ ഭാവം കൈക്കൊള്ളുന്നതിന്റെ ഫലമായി, ചില പ്രാണികളെ ഞാൻ മെഴുകു പ്രതിമകളാക്കാറുമുണ്ടായിരുന്നു.
ഇപ്പോഴാണ് അതൊരു സൈക്ലിക്ക് മനോഭാവമായിരുന്നു എന്നെനിക്ക് ബോധ്യപ്പെടുന്നത്. ആഹ് അതെന്തെങ്കിലും ആവട്ടെ. കൈക്കരുത്തില്ലാവരെ ഉള്ളവർ ചൂഷണം ചെയ്യും. അങ്ങനെ ആണല്ലോ ഈ ലോകം.
കർമ എന്ന പ്രതിഭാസത്തിൽ വിശ്വസിക്കുന്ന ഞാൻ, ചെയ്തതെല്ലാം എന്നെങ്കിലും തിരിച്ചുകിട്ടും എന്ന് പ്രതീക്ഷിക്കുന്നു. ഞാൻ ഇല്ലാതാക്കിയ ജീവനുകൾ എതിരെ നിൽക്കുമ്പോൾ, ഞാൻ രക്ഷിച്ച ജീവനുകൾ എനിക്ക് വേണ്ടി അവതരിക്കും.
Comments
Post a Comment