മരീചിക: മിഥ്യയിലേക്കുള്ള പ്രയാണം - എപ്പിസോഡ് 1



ട്രാക്ക് മാറുന്ന ട്രെയിനിന്റെ പ്രകമ്പനം കേട്ടാണ് മണിലാൽ ഉറക്കമുണർന്നത്. സമയം പാതി രാത്രി 2:30. അമിത്തും, ആകാശും, ശ്യാമും നല്ല ഉറക്കത്തിലാണ്. ഒന്ന് മൂത്രമൊഴിച്ചു വരാം, അവൻ ബാത്രൂം ലക്ഷ്യമാക്കി നടന്നു.

ബാത്‌റൂമിൽ കയറിയതും, വീണ്ടും ട്രെയിൻ നന്നായി കുലുങ്ങി. ബാത്റൂമിന്റെ ഡോർ ശക്തിയായി അടഞ്ഞു. ബോഗിയിൽ ഇലക്ട്രിക്ക് പ്രോബ്ലം ഉണ്ടെന്ന് തോന്നുന്നു. ലൈറ്റുകൾ മിന്നി മറയുന്നു. ചെറുതായി പേടി തോന്നിയ മണിലാൽ ഡോർ ലോക്ക് ചെയ്യാതെ ഒരു കൈ ബാത്രൂം ഡോറിൽ വെച്ചു കാര്യം സാധിച്ചു കൊണ്ടിരുന്നു.

പെട്ടെന്നാണ് ഡോറിൽ ഒരു തള്ളൽ അനുഭവവപ്പെടുന്നത്.
"ആളുണ്ട് ചേട്ടാ... "
മണിലാൽ അകത്തു നിന്നും വിളിച്ചു പറഞ്ഞു. പുറത്തു നിന്ന് പ്രതികരണം ഒന്നുമില്ല.

ബാത്രൂം ഡോർ തുറന്നു പുറത്തേക്കുനോക്കുമ്പോൾ ആരെയും കണ്ടില്ല. അവൻ വാഷ് ബേസിനിൽ നിന്നും മുഖം കഴുകി കണ്ണാടിയിലേക്കു നോക്കിയതും പിന്നിൽ സൈഡിൽ ആയി വെള്ള ഷർട്ട് ധരിച്ച ഒരാൾ. മുഖം വ്യക്തമല്ല. ബോഗിയുടെ ഡോറിലൂടെ പുറത്തേക്ക് നോക്കിയാണ് നിൽപ്പ്. കണ്ടിട്ട് ഏതോ തമിഴൻ ആണെന്ന് തോന്നുന്നു. എന്തായാലും അയാളിലേക്ക് അധികം ശ്രദ്ധ പതിപ്പിക്കാതെ മണിലാൽ തന്റെ സൈഡ് ലോവർ സീറ്റ് നോക്കി നടന്നു.

ബാഗിൽ നിന്നും മിനറൽ വാട്ടറിന്റെ കുപ്പി എടുത്ത് രണ്ട ഇറക്കു വെള്ളം കുടിച്ചു. കുപ്പി തിരിച്ചു വെക്കുന്നതിനിടയിൽ ഒരാൾ ബോഗിയുടെ അറ്റത്തായി നിക്കുന്നത് അവന്റെ കണ്ണിൽപ്പെട്ടു. ആ വെള്ള ഷിർട്ടുകാരൻ തന്നെ. "അയാൾ എന്നെ ആണോ നോക്കുന്നത്?" മുഖം കാണാനും പറ്റുന്നില്ല.  മറ്റെല്ലാവരും ഉറക്കത്തിലാണ്. ലൈറ്റുകൾ മിന്നി മറയുന്നുണ്ട്.

"ഏയ്... ഇത്രയും ആൾക്കാർ ഉള്ള ട്രെയിനിൽ പ്രേതം ഒക്കെ ഉണ്ടാവുമോ? ഇല്ല! ഏതേലും കിളി പോയ ചങ്ങായി ആവും"

മണിലാൽ ഒരു നെടുനീർ ശ്വാസം എടുത്തു കിടന്നു. എന്തെല്ലാം പറഞ്ഞാലും ഉള്ളിൽ ഉള്ള ഭയം അവനെ ഉറങ്ങാൻ അനുവദിച്ചില്ല. ഒന്നു എണീറ്റ് നോക്കിയാലോ? അവൻ എണീറ്റ് ഒന്ന് കൂടെ നോക്കി. അവിടെ ആരും ഇല്ല.
"സമാധാനം!"
പക്ഷെ ഉള്ളിൽ ഉള്ള പേടി പോവുന്നില്ല.

പെട്ടെന്നാണ് ബോഗിയുടെ മറുവശത്തു നിന്നും ഡോർ തുറന്നു TTR വരുന്നത്. അവിടെ എണീറ്റിരിക്കുന്ന ആകെ ഒരാൾ മണിലാൽ ആയതുകൊണ്ടാവാം, TTR അവനെ ഒന്ന് നോക്കി മുന്നോട്ടു നടന്നു.

അയാൾ ആ വെള്ള ഷിർട്ടുകാരന്റെ അടുത്തേക്കാണ് നടക്കുന്നത്. മണിലാൽ അവിടേക്ക് തന്നെ നോക്കി നിന്നു. TTR ആ വെള്ള ഷിർട്ടുകാരനുമായി സംസാരിക്കുന്നു. ടിക്കറ്റ് എടുത്തില്ല തോന്നുന്നു. അയാൾ TTR നോട് കനിവിനായി അഭ്യർത്ഥിക്കുകയാണ്. വെറുതെ പേടിച്ചു. ഉറങ്ങാം. മണിലാൽ കിടന്നു.

നിദ്ര അവനെ കീഴടക്കുവാൻ തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളു, ട്രെയിനിൽ വീണ്ടും അതി ശക്തമായ ഒരു കുലുക്കം. ഞെട്ടി ഉണർന്ന മണിലാൽ ചുറ്റുപാടും നോക്കി. എല്ലാവരും ഉറക്കത്തിലാണ്. "ഇവരാരും ഈ കുലക്കം ഒന്നും അറിഞ്ഞില്ലേ?" ട്രെയിൻ എവിടെയോ പിടിച്ചിട്ടതാണ് തോന്നുന്നു. അനക്കം ഒന്നും ഇല്ല. പുറത്തേക്കു നോക്കിയപ്പോൾ നല്ല ഇരുട്ട്. നിലാവും ചന്ദ്രനും ഒന്നും ഇല്ല. അടുത്തെങ്ങും കെട്ടിടങ്ങളും ലൈറ്റും ഒന്നും കാണാൻ ഇല്ല. എങ്കിലും ട്രെയിനിന്റെ ചെറിയ വെളിച്ചത്തിൽ കാണാം. ട്രെയിൻ നിർത്തി ഇട്ടത് ഒരു പാലത്തിൽ ആണ്. ഇതേതു നാട്? ഗൂഗിൾ മാപ് നോക്കി. മധനൂര്!  ഇതുവരെ കേൾക്കാത്ത ഒരു പേര്. എന്തായാലും ഇനിയും ഒരുപാട് ദൂരം പോവാൻ ഉണ്ട് നാട്ടിലേക്ക്.

ഒന്നു മുഖം കഴുകി വരാം. വാഷ് ബേസിന്റെ  അടുത്തെത്തി മുഖം കഴുകി കണ്ണാടിയിൽ നോക്കിയതും നേരത്തെ കണ്ട അതെ സ്ഥലത്തു പിന്നിൽ ആയി, ഡോറിന്റെ പുറത്തേക്കു നോക്കി ഇരിക്കുന്ന വെള്ള ഷർട്ടുകാരൻ.

"ചേട്ടാ എന്താ വണ്ടി നിർത്തിയിട്ടിരിക്കുന്നത്, അറിയുമോ?"
മറുവശത്തു നിന്നും പ്രതികരണം ഒന്നും വന്നില്ല.
"ഇയാൾ ഇനി നിന്ന് ഉറങ്ങി പോയോ?"
ഡോർ തുറന്നിട്ടതും ആണ്. മണിലാലിന്റെ കൈ അയാളുടെ തോൾ ലക്ഷ്യമാക്കി നീങ്ങി. ഒന്ന് തട്ടിയിട്ട് ചോദിച്ചു. ചേട്ടാ ഉറങ്ങുവാണോ? അയാളുടെ തല ഞൊടിയിടയിൽ അവനു നേരെ തിരിഞ്ഞു.

ആ രൂപം കണ്ടു ഞെട്ടിയ മണിലാൽ അലറി! അവന്റെ ശബ്ദം പുറത്തെത്തുമ്പോഴേക്കും, അയാൾ അവന്റെ കയ്യിൽ പിടിച്ചു വാതിലിലൂടെ പുറത്തേക്കു ചാടി. രണ്ടുപേരും പാലത്തിനു താഴേക്ക് വീണു കൊണ്ടിരുന്നു. ആ രാത്രിയുടെ അന്ധകാരതയിലേക്ക് അവർ ആഴ്ന്നിറങ്ങി.

തുടരും...

Comments

Popular posts from this blog

മരീചിക: മിഥ്യയിലേക്കുള്ള പ്രയാണം - എപ്പിസോഡ് 3

ഹര്‍ത്താല്‍ ദിനത്തിലെ ബലിയാടു