മരീചിക: മിഥ്യയിലേക്കുള്ള പ്രയാണം - എപ്പിസോഡ് 3
മണിലാൽ കണ്ണ് തുറന്നു. ഇരുൾ മൂടിയ വലിയ വ്യാസം ഉള്ള കുഴൽ. അതിന്റെ മധ്യ ഭാഗത്തായാണ് അവൻ ഉള്ളതെന്ന് തോന്നുന്നു. ഭൂമിയുടെ ഘർഷണ ബലം ശരീരത്തിൽ അനുഭവപ്പെടുന്നില്ല. അവനു ഭാരമില്ലാതായിരിക്കുന്നു.  രണ്ടു ദിശകളിലേക്ക് നോക്കിയിട്ടും വെളിച്ചം ഇല്ല. അവന്റെ കൂടെ ആരുമില്ല. ആരെയാണ് അന്വേഷിക്കേണ്ടത്? ആരെയും ഓർമ വരുന്നില്ല. അവനു കരയാൻ പറ്റുന്നില്ല. എങ്ങോട്ട് നടക്കണം? ഇതെന്റെ ഒരു സ്വപ്നം മാത്രം ആവണേ, എനിക്ക് പെട്ടെന്ന് ഉറക്കമുണരാൻപറ്റണേ... ഇല്ല അവൻ ഉണരുന്നില്ല.

ഒരു ദിശയിൽ കുറച്ചു മുന്നോട്ട് നടന്നു. കാഴ്ച ഇല്ലെങ്കിലും വഴി മദ്ധ്യേ ഒരു തടസ്സവും അനുഭവപ്പെട്ടില്ല. ദൂരെ ചെറിയ വെളിച്ചം കാണുന്നു. പക്ഷെ അത് ഒരുപാട് ദൂരെ ആണ്. അവിടെയെത്താൻ എത്ര സമയം വേണ്ടി വരും? അവിടെ എത്തുകയെന്നതല്ലാതെ മറ്റൊന്നും അവന്റെ മുന്നിൽ ഇല്ല.

വളരെ വേഗം ഓടാൻ പറ്റുന്നുണ്ട്. പക്ഷെ ആ വെളിച്ചത്തിലേയ്ക്കു എത്താൻ ഇനിയും ഒരുപാട് ഓടേണ്ടി വരും. അവൻ ക്ഷീണിക്കുന്നില്ല. അങ്ങനെയൊരു തോന്നൽ അവന്റെ ശരീത്തിൽ ഇപ്പോൾ ഇല്ല.

ദിവസങ്ങൾ വളരെപ്പെട്ടെന്ന് കടന്നു പോവുന്നത് പോലെ തോന്നുന്നു. അവനാ വെളിച്ചത്തിൽ എത്താൻ കഴിയുന്നില്ല. "നിൽക്കാൻ പാടില്ല. അവിടെയെത്തണം." അവൻ സർവ്വ ശക്തിയും എടുത്ത് ഓടി.

ആ വെളിച്ചം കൂടി വരുന്നു. ഇരുട്ട് മാത്രം ഉള്ള ആ കുഴലിൽ നിന്നും സഹിക്കാൻ പറ്റാത്ത തീവ്രത ഉള്ള വെളിച്ചത്തിലേയ്ക്കു അവൻ ഓടി അടുത്തു. അടുക്കും തോറും ബുദ്ധിമുട്ടു കൂടി വരുന്നുണ്ട്. പക്ഷെ അങ്ങൊട്ട് പോവുകതന്നെ വേണം. അവിടെ ആരെയെങ്കിലും കാണുമെന്ന പ്രതീക്ഷ ഉണ്ട്.

കണ്ണുകൾ മുറുക്കെ അടച്ചിട്ടും ആ വെളിച്ചം അവനനുഭവപ്പെടുന്നു. അതവന്റെ ശരീരമാകെ പടർന്നു കയറുകയാണ്. ഇതുവരെയില്ലാത്ത ആ അനുഭൂതിയിലേക്കു അവൻ ആഴ്ന്നിറങ്ങി.

പേടിയോടെ കണ്ണുകൾ തുടന്നു. വെളുത്ത പുക കൊണ്ട് മൂടിയ, സൂര്യ കിരണങ്ങളെക്കാൾ ആയിരം മടങ്ങു പ്രകാശം ജ്വലിക്കുന്ന ഒരു ലോകം. അവിടെയും കൂടെ ആരുമില്ല. ദിവസങ്ങളും വർഷങ്ങളും മിന്നൽ വേഗത്തിൽ  കടന്നു പോവുന്നത് പോലെ. അത് തിരിച്ചറിയാനായി ഒന്നുമവിടെയില്ല. ഒരു തോന്നൽ മാത്രം.

ഇങ്ങോട്ട് വന്ന ഇരുട്ട് നിറഞ്ഞ കുഴൽ അവനു കാണാൻ സാധിക്കുന്നില്ല. "അതിന്റെ മറുപുറത്തേക്ക് നടന്നു നോക്കാമായിരുന്നു. ഒരുപക്ഷെ അവിടെ ആവും എന്റെ ലോകം." എവിടെയും വെളിച്ചം മാത്രം. രാത്രിയും പകലും ഇല്ല. ഇവിടെയൊന്നിനും ഭാരമില്ല. എനിക്കും ഭാരമില്ല.

അവൻ കാത്തിരിക്കുകയാണ്. ജീവനുള്ള ഒരു മുഖത്തിനു വേണ്ടി. മനുഷ്യനോ മൃഗമോ പക്ഷിയോ... ആരെയെങ്കിലും കണ്ടിരുന്നെങ്കിൽ!

വെളുത്ത പുകപടലങ്ങൾക്കിടയിലൂടെ അവനാ മനുഷ്യ രൂപം കണ്ടു. അതൊരാളുടെ പിൻഭാഗം ആണ്. മണിലാൽ അയാൾക്ക്‌ നേരെ ഓടിയടുത്തു.

ഒരു ചെറിയ വാതിൽ. ആ വാതിലിലൂടെ പുറത്തേക്കു നോക്കി ഇരിപ്പാണ് അയാൾ. മണിലാൽ കുറച്ചുകൂടെ അടുത്തേക്ക് ചെന്നു. വാതിലിലൂടെ പുറത്തേക്കു നോക്കിയപ്പോൾ എല്ലാം പിന്നോട്ട് വളരെ വേഗത്തിൽ മിന്നി മറയുന്നു. അതെ! ഞാൻ നിനക്കുന്ന ലോകം വളരെ വേഗത്തിൽ മുന്നോട്ടു കുതിക്കുകയാണ്. പുറത്തേക്കുള്ള വാതിൽ ആണ് അതെന്നു തോന്നുന്നു. വാതിലിനപ്പുറത്തു പുകയും വെളിച്ചവും ഇല്ല. രാത്രി! ആകാശത്തു ചന്ദ്രനെ കാണാം. നക്ഷത്രങ്ങളെ കാണാം. മിന്നി മറയുന്ന സ്ട്രീറ്റ് ലൈറ്റുകളും വാഹനങ്ങളും കാണാം. അതെ അത് തന്നെയാണ് എന്റെ പഴയ ലോകം.

"ഈ വേഗത ഒന്ന് കുറഞ്ഞിരുന്നെങ്കിൽ പുറത്തേക്കു ചാടാമായിരുന്നു."

അവൻ മെല്ലെ അവിടെ ഇരിക്കുന്ന മനുഷ്യന്റെ തോളിൽ കൈ വെച്ചു. അയാൾ തിരിഞ്ഞു നോക്കി. മണിലാൽ ഞെട്ടി. ഞാൻ !!!

ആ ഞെട്ടൽ മാറുന്നതിനു മുന്നേ അയാൾ അവന്റെ കയ്യിൽ പിടിച്ച് വാതിലൂടെ പുറത്തേക്ക് എടുത്തു ചാടി.

തുടരും...

Comments

Popular posts from this blog

മരീചിക: മിഥ്യയിലേക്കുള്ള പ്രയാണം - എപ്പിസോഡ് 1

മരീചിക: മിഥ്യയിലേക്കുള്ള പ്രയാണം - എപ്പിസോഡ് 2