കുഞ്ഞി
എഞ്ചിനീയറിംഗ് മെറിറ്റ് സീറ്റിൽ തന്നെ അഡ്മിഷൻ വാങ്ങണം എന്ന് എന്റെ വാശിയായിരുന്നു. അച്ഛന്റെ കയ്യിൽ ഒരുപാട് പൈസ ഒന്നും ഇല്ല . കടം വാങ്ങി ആണെങ്കിലും എന്നെ പഠിപ്പിക്കുമെന്ന് അറിയാം. പക്ഷെ അതിനു ഞാൻ സമ്മതിക്കില്ല. ആ വാശി ചെന്നെത്തിച്ചത് പാലക്കാട് ശ്രീകൃഷ്ണപുരം ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ ആണ്. കോഴിക്കോട് നിന്ന് പാലക്കാട് പോയി പഠിക്കാൻ തീരെ ആഗ്രഹം ഇല്ലായിരുന്നു. ടോപ് ഫോമിലെ എന്റെ പ്രിയപ്പെട്ട ചിക്കൻ ദം ബിരിയാണി ആവും ഞാൻ ഏറ്റവും കൂടുതൽ മിസ് ചെയ്യാൻ പോവുന്നത്.
പുലർച്ചെ 5 മണിക്ക് അച്ഛന്റെ കൂടെ ട്രെയിൻ കയറി. ജനറൽ കംപാർട്മെന്റ്. എന്റെ രാജ്യത്തു കഴിഞ്ഞ കുറച്ചു വർഷങ്ങൾ ആയി നടക്കുന്ന വലിയ ഡെവലപ്മെന്റുകളുടെ കഥകൾ എല്ലാം മറുനാടൻ മലയാളി യൂട്യൂബ് ചാനലിൽ ദിനംപ്രതി കാണുന്ന എന്നെ, ട്രയിനിലെ ജനറൽ കംപാർട്മെന്റിന്റെ ദൃശ്യങ്ങൾ തീർത്തും അലോസരപ്പെടുത്തികൊണ്ടിരുന്നു. ഇവിടുള്ള ജനത ഇങ്ങനെ ആണ് ഇപ്പഴും യാത്ര ചെയ്യുന്നതെന്ന് വിദേശികൾ അറിഞ്ഞാൽ ഉണ്ടാവുന്ന ജാള്യത ആയിരുന്നു മനസ്സ് മുഴുവൻ. ജിഡിപിയിൽ ഇന്ത്യ യുകെയെ മറികടന്ന് അഞ്ചാം സ്ഥാനത്തു എത്തിയെന്ന് അറിഞ്ഞപ്പോൾ പൊങ്ങിയ എന്റെ രോമകണങ്ങൾ എല്ലാം തല താഴ്ത്തി ഇരിക്കുന്നത് എനിക്ക് കാണാമായിരുന്നു. യുകെയിലെ ആളുകൾ ഇങ്ങനെ ഉള്ള ട്രെയിനിൽ അല്ല യാത്ര ചെയ്യുന്നത്. ആഹ്! ഏഴു കോടി ജനങ്ങൾക്ക് വേണ്ടി ഉണ്ടാക്കുന്ന ട്രെയിൻ കോച്ചുകളും, നൂറു കോടി ജനങ്ങൾക്ക് വേണ്ട കോച്ചുകളും വ്യത്യാസമുണ്ടല്ലോ. അവിടെയും ചൈന ഒരു മാതൃക തന്നെ ആണ്. എന്റെ രാജ്യത്തെ ട്രെയിനുകളും ഒരു ദിവസം നല്ല വൃത്തിയിലും വെടുപ്പിലും ഓടും. അന്ന് ഞാൻ ജീവനോടെ ഉണ്ടാവുന്നോ എന്തോ? തൊട്ടടുത്ത് കൂടെ ഒരു വന്ദേ ഭാരത് മിന്നൽ വേഗത്തിൽ പാസ് ചെയ്തു. ചെറുതായൊരു സമാധാനം.
ആലോചനകൾക്കിടയിൽ ട്രെയിൻ പാലക്കാട് എത്തി. പാലക്കാട്ടെ പ്രഭാതം മനോഹരം തന്നെ. പക്ഷെ ചൂട് ലേശം കൂടുതൽ ആണ്. ലേശം എന്ന വാക് "സഹിക്കാവുന്നതിലും" എന്ന് മാറ്റാൻ അധികം സമയം വേണ്ടി വന്നില്ല. സൂര്യൻ മൂർദ്ധാവിൽ എത്തിയപ്പോഴേക്കും തല ചുറ്റുന്ന പോലെ അനുഭവപ്പെട്ടു. കോഴിക്കോട് ഈ സൂര്യൻ തന്നെ അല്ലെ രാവിലെ മുതൽ വെളിച്ചം കൊടുക്കുന്നെ?
കോളേജിന്റെ അടുത്തുള്ള സ്റ്റോപ്പിൽ ബസ് ഇറങ്ങി. സ്റ്റോപ്പിന്റെ പേരൊന്നും നോക്കിയില്ല. ഇന്ന് എല്ലാം അച്ഛൻ ആണ് മാനേജ് ചെയ്യൂന്നത്. ഓട്ടോ ഒന്നും ഇല്ല. കൊറേ കാത്തു നിന്ന ശേഷം ഒരു ഓട്ടോയിൽ ഓടിക്കയറി കോളേജ് പിടിച്ചു.
പോര !!!
ഗൂഗിൾ മാപ്പിൽ കണ്ട ഫോട്ടോ പോലെ ഒന്നും ഇല്ല. ആഹ് ഇനിപ്പൊ നാല് കൊല്ലം അഡ്ജസ്റ്റ് ചെയ്തങ്ങു പോവാം. ഈ ചൂടിൽ നാല് കൊല്ലം പഠിച്ചാൽ ഞാൻ എന്തായാലും കറുത്ത് പോവും. വീട്ടിൽ ആർക്കും വലിയ നിറം ഒന്നും ഇല്ല. കഷ്ടപ്പെട്ട് വെയിലത്തു ഇറങ്ങാതെ വീട്ടിൽ ഇരുന്ന് ഉണ്ടാക്കി എടുത്ത ലേശം വെളുപ്പ് ആണ്. അതിൽ കൊറച്ചു ഇന്ന് തന്നെ പോയിട്ടുണ്ട്.
രണ്ടു മണി ആയപ്പോഴേക്കും അഡ്മിഷൻ കാര്യങ്ങൾ എല്ലാം റെഡി ആയി. കോളേജ് ഹോസ്റ്റലിൽ തന്നെ താമസം. സെക്കന്റ് ഇയർ ആവുമ്പോഴേക്കും കൊറച്ചു ഫ്രണ്ട്സിനെ ഒപ്പിച്ചു വേറെ റൂം എടുക്കണം. എ സി ഉള്ള ഏതേലും റൂം. അല്ലാതെ ഈ ചൂടിനെ പിടിച്ചു കെട്ടാൻ പറ്റുമെന്ന് തോന്നുന്നില്ല.
ഹോസ്റ്റൽ എത്തി. കോളേജിൽ നിന്നും വലിയ ദൂരം ഇല്ല. ബാംഗ്ലൂർ പഠിക്കുന്ന ഫ്രണ്ട്‌സ് പറഞ്ഞ മിക്സഡ് ഹോസ്റ്റലിലെ കഥകൾ എല്ലാം മനസ്സിലേക്ക് വന്നു. ആഹ് നമുക്ക് ഇതൊക്കെയേ വിധിച്ചുള്ളു.
ഞാൻ എന്താ എന്റെ ബാച്ചിലെ ആരുമായും പരിചയപ്പെടാതിരുന്നേ? എല്ലാരും അങ്ങോട്ടും ഇങ്ങോട്ടും സംസാരിക്കുമ്പോൾ എനിക്ക് മാത്രം എന്താ ആരോടും മിണ്ടാൻ തോന്നഞ്ഞേ? ഹോസ്റ്റലിൽ ആരേലും ഉണ്ടാവും. അവരെയൊക്കെ പരിചയപ്പെടണം.
എന്നെ ഹോസ്റ്റലിൽ ആക്കി അച്ഛൻ പോയി. അഡ്മിഷൻ എടുത്ത് പിറ്റേന്ന് തന്നെ ക്ലാസ്. രണ്ട് ദിവസം പോലും ഗാപ് ഇല്ല. ഇവിടെ ക്ലാസ് തുടങ്ങിയിട്ട് ദിവസങ്ങൾ ആയി. എന്നെപ്പോലെ കുറച്ചുപേരാണ് ഇനിയൂള്ളെ.
ഹോസ്റ്റലിൽ എല്ലാരും അപ്പൊ ക്ലാസ്സിൽ ആവും. ആഹ് റൂം എല്ലാം വിശദമായി ഒന്ന് കണ്ടു. എന്റെ കൂടെ രണ്ടു പേര് കൂടെ. എങ്ങനെ ഉള്ളവർ ആവുവോ? വല്ല കഞ്ചാവ് ടീം ഒന്നും ആവല്ലേയ്. അല്ലേൽ ഒരാൾ ഇരുന്നോട്ടെ. എപ്പഴേലും ഒന്ന് വലിച്ചു നോക്കണമെന്ന് തോന്നിയാൽ വേറെ റൂമിൽ അന്വേഷിക്കണ്ടല്ലോ.
അഞ്ചു, ആറു മണിയായപ്പോൾ റൂമിലെ രണ്ടു പേര് എത്തി. വലിയ മൈൻഡ് ഒന്നും ഇല്ല. എന്നാലും ലൈറ്റ് ആയി ഒന്ന് പരിചയപ്പെട്ടു. അത്ര തന്നെ.
പകലിനെ അപേക്ഷിച്ചു രാത്രി ആണ് മനോഹരം. അത്ര ചൂടില്ല. നല്ല ക്ഷീണം ഉണ്ടായിരുന്നു കൊണ്ട് ഒൻപതു മണി ആയപ്പോഴേക്കും ഭക്ഷണം കഴിച്ചു കിടന്നു. ആഹ് ഭക്ഷണം. അതെ ഭക്ഷണത്തെപ്പറ്റി കുറ്റം പറയാൻ പാടില്ലെന്ന് ആണല്ലോ. ഒരു നേരം കിട്ടിയില്ലേൽ അറിയാം. പക്ഷെ ഞാൻ പറയും. ഞാൻ കോഴിക്കോട്ടു നിന്നാണ്. എങ്ങനെയോ കുറച്ച് കഴിച്ചു എന്ന് വേണം പറയാൻ.
ഫാൻ നിന്നതു കൊണ്ടാണ് എണീറ്റത്. കണ്ണ് തുറന്നു നോക്കിയതും ചുറ്റിലും കൊറേ പേര് കൂടി നിൽക്കുന്നു. ഞെട്ടി എണീറ്റ ഞാൻ അലറാൻ ശ്രമിക്കുമ്പോഴേക്കും, ഒരു കൈ എന്റെ വായ പൊത്തി. ഇരുട്ട് ആയതു കൊണ്ട് മുഖങ്ങൾ ഒന്നും വ്യക്തമല്ല.
"സുഖമായിട്ട് അങ്ങ് ഉറങ്ങുവാണല്ലേ !" ഒരു മുഖത്തിന്റെ വായിൽ നിന്നും ശബ്ദം പുറത്തു വന്നു.
"ആദ്യമായിട്ട് വരുന്നവരെ ഞങ്ങൾ ഉറക്കാറില്ല." മറ്റൊരു മുഖത്തിൽ പല്ലിന്റെ വെള്ള നിറം കണ്ടു.
മുറിയിൽ ലൈറ്റ് വന്നു. സീനിയർസ് ആണ്. റാഗിങ്. മലർ മിസ് പറഞ്ഞ പോലെ നമ്മളെ സ്ട്രോങ്ങ് ആക്കാൻ റാഗിങ് നല്ലതാണ്. അതിനു ഞാൻ ആദ്യമേ സ്ട്രോങ്ങ് അല്ലെ.
"പ്ട്ട!!!". പാലക്കാട്ടെ ചൂടിന്റെ നൂറു മടങ്ങു ചൂടുള്ള ഒരു അടി കവിളത്തു കിട്ടി. എന്തിനാണെന്ന് പോലും അറിയില്ല. ഞാൻ അത്ര സ്ട്രോങ്ങ് ആയിട്ടില്ല.
"നിനക്ക് മീശ ഒക്കെ ഉണ്ടല്ലോ. കൊറേശ്ശേ താടിയും! ന്നാ. ഇവിടെ ആകെ ഉള്ള ഒരു ട്രിമ്മർ ആണ്. പെട്ടെന്ന് പോയി വടിച്ചിട്ട് വാ..."
മറ്റൊരു ശബ്ദം വന്നു
"മീശയും താടിയും പോരാ. മേല് ഒരു തുള്ളി രോമം കാണാൻ പാടില്ല. കണ്ടാ ഓരോ രോമത്തിനും നേരത്തെ കിട്ടിയ പോലെ ഓരോ അടി!"
"പെട്ടെന്നു വാ. ന്നീട്ട് വേണം പരിചയപ്പെടാൻ."
കണ്ണിലെ വെള്ളം നേരത്തെ കിട്ടിയ അടിക്ക് തന്നെ പുറത്തു ചാടിപ്പോയിട്ടുണ്ട്.
തുടച്ചു വേഗം ട്രിമ്മർ എടുത്ത് ബാത്റൂമിലേക്ക് ഓടി. രണ്ട് മൂന്നു രോമം മൂക്കിന് താഴെ വളർന്നിട്ടുണ്ട്. അതാണ് മീശ. പെട്ടെന്ന് അതെല്ലാം വടിച്ചു തിരിച്ച പോവാൻ നിക്കുമ്പോഴാണ് ഒരു തുള്ളി രോമം കാണാൻ പാടില്ലെന്ന് പറഞ്ഞത് ഓർത്തത്.
"അപ്പൊ താഴെ ഒകെ ചെക്ക് ചെയ്യണ്ടവുവോ? ഏയ് അവർക്ക് നാണം ഇല്ലേ"
"പ്ട്ട!!!", "പ്ട്ട!!!", "പ്ട്ട!!!", "പ്ട്ട!!!", "പ്ട്ട!!!".
അനാവശ്യമായ ആ സംശയത്തിന് വേണ്ടി എന്റെ കാരണം കൊണ്ടത് അഞ്ചു നല്ല പൊള്ളുന്ന അടികൾ ആയിരുന്നു.
പെട്ടെന്ന് ഓടി എല്ലാം നല്ല വൃത്തിയായി ക്ലീൻ ചെയ്തു.
"സബാഷ്. ഇതങ്ങു നേരത്തെ ചെയ്തിരുന്നേൽ അഞ്ചു അടി വാങ്ങിക്കാനായിരുന്നോ!! ശെരി ഇനി പറ, വീട്, നാട്, എല്ലാം. നല്ല ബോൾഡ് ആയ് പറയണം. കേട്ടല്ലോ"
ഞാൻ പറയുന്നത് അവർക്ക് കേൾക്കുന്നുണ്ടോന്നു മനസ്സിലാക്കാൻ പറ്റുന്നില്ല. ചേരിയിൽ ഒരു വണ്ട് മൂളുന്ന ശബ്ദം ഉണ്ട്. ഒന്നും വ്യതമല്ല. എന്തായാലും ഒരു മീഡിയം ഉച്ചത്തിൽ ഞാൻ എല്ലാം പറഞ്ഞു.
"നല്ലോണം പഠിക്കണം, എഞ്ചിനീയർ ആവണം!" അച്ഛൻ കുടിക്കുന്ന റംന്റെ അതെ മണം റൂമിൽ നിറഞ്ഞു.
അവർ റൂമിൽ ഇന്നും ഇറങ്ങി.
എന്താ ഇപ്പോ ഉണ്ടായേ?! എനിക്കെന്തിനാ തല്ലു കിട്ടിയേ? കംപ്ലൈന്റ്റ് കൊടുത്താലോ?
"പേടിക്കണ്ട!" ഇനി വരുടെ ശല്യം ഒന്നും ഉണ്ടാവില്ല എന്റെ റൂം മേറ്റ് അപ്പുറത്തെ ബെഡിൽ നിന്നും വിളിച്ചു പറഞ്ഞു. ഇവർക്കൊന്ന് അടുത്ത വന്നു ആശ്വസിപ്പിച്ചൂടെ. ആ, എന്തിന്!? റൂമിൽ മൊത്തം ആറു അടിയുടെ ഒച്ച അല്ല കേട്ടത്. എല്ലാർക്കും കിട്ടിക്കാണും. ആ ഒരു സമാധാനത്തിൽ ഞാൻ ഉറങ്ങി.
രാവിലെ പല്ലു തേക്കുമ്പോൾ ചെറിയ വേദന ഉണ്ട്. ആഹ് അഞ്ചു അടി ഒകെ എട്ടു വാങ്ങിയതല്ലേ. ലേശം വേദന ആവാം.
എന്തായാലും മുഖത്തു രോമങ്ങൾ ഒന്നും ഇല്ലാത്തോണ്ട് എനിക്ക് കൊറച്ചു ഭംഗി കൂടീട്ടുണ്ട്. ഇനി വരുന്നേന്നു മുന്നേ വടിച്ചു കളയണം.
ബാഗ് എടുത്ത് കോളേജിലേക്ക് ഇറങ്ങി. മനസ്സിൽ ചെറുതായ് ഞാൻ പറയുന്നുണ്ടായിരുന്നു. അച്ഛന് കൊറച്ച് പൈസ കടം വാങ്ങി എന്നെ നാട്ടിൽ ഏതേലും കോളേജിൽ ചേർത്താൽ മതിയായിരുന്നു. ആഹ് എന്റെ കഴപ്പ്. അല്ലാതെന്ത് പറയാൻ.
Comments
Post a Comment